കോട്ടയം: ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത, ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ.എം.എസ്.സുജിത് കുമാറിനെ 14 ദിവസത്തേക്ക് കോട്ടയം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.സുജിത് കുമാറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ നടപടി ഉണ്ടായേക്കും. മുണ്ടക്കയം സ്വദേശിക്ക് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലുള്ള ചികിത്സാ രേഖകള്‍ ഇന്നലെ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ശേഖരിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ മകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
അതേസമയം, ഡോ.സുജിത് കുമാറിന്റെ കൊല്ലം പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി. കോട്ടയത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് വീട് പരിശോധിച്ചത്. രാവിലെ തുടങ്ങിയ പരിശോധന 3 വരെ നീണ്ടു. ഒട്ടേറെ രേഖകള്‍ കണ്ടെടുത്തതായാണു വിവരം.