ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുന്നു. വര്‍ഷത്തിന്റെ ആദ്യ ദിവസം മഴ ആസ്വദിച്ചുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ ആളുകള്‍ ഉണര്‍ന്നത്. ഷാര്‍ജ, ദുബായ് റാസല്‍ ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ രാത്രിയും പുലര്‍ച്ചെയും കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍സിഎം) അറിയിച്ചു.
ജബല്‍ അലി ഫ്രീസോണില്‍ മിക്കയിടത്തും വെള്ളം കയറി. മലയാളികളുടേതടക്കം ഒട്ടേറെ പേരുടെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മേഘാവൃതമായ ദിവസമായിരിക്കുമെന്നും വ്യക്തമാക്കി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്ലൗഡ് സീഡിങ് പരിപാടിയിലൂടെ രാജ്യത്തുടനീളം ശക്തമായ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു.
മഴയെത്തുടര്‍ന്ന് ദുബായിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും പ്രധാന ഹൈവേകളിലും സ്ഥലങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു, അടിയന്തര, മുനിസിപ്പാലിറ്റി ടീമുകള്‍ വെള്ളക്കെട്ട് നീക്കം ചെയ്തുവരുന്നു. അതേസമയം, പ്രതികൂല കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലിലിറങ്ങുന്നവരും സൂക്ഷിക്കണം.