ദുബായ്: യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. എക്‌സ്‌പോ വേദിയിലായിരുന്നു കൂടിക്കാഴ്ച. ഷെയ്ഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് എക്‌സ്‌പോയുടെ കാഴ്ചകള്‍ വിവരിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.
അബുദാബിയിലായിരുന്ന മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കായി രാവിലെ അവിടെ നിന്ന് ദുബായിലെത്തുകയായിരുന്നു. തിരികെ അദ്ദേഹം അബുദാബിയിലേക്കു മടങ്ങി. ഇന്നു രാത്രിയില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം നാളെ തിരികെ ദുബായിലെത്തും. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി.രാജീവ്, നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍പുരി. കെ-ബിപ് സിഇഒ സൂരജ് നായര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.