പത്തനംതിട്ട: എതിര്‍പ്പുണ്ടാകുന്നത് തടയാന്‍ പൊതുചര്‍ച്ച നടക്കുന്നതിന് മുന്‍പ് കെ-റെയിലിന് അനുകൂലമായി പ്രമേയം അവതരിപ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. കെ-റെയില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അതു നടപ്പാക്കുന്നതിന് യുവത പിന്തുണ നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നു.
കെ-റെയില്‍ വന്നാല്‍ പശ്ചാത്തല വികസനവും തൊഴിലും ലഭിക്കും. കെ-റെയില്‍ വന്നാല്‍ അപകടമാണെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. കെ-റെയിലിന് അനുകൂലമായ പ്രചാരണ പ്രവര്‍ത്തനം ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തും.
നിര്‍മാണ ഘട്ടത്തില്‍ പ്രത്യക്ഷമായി 55,000 ത്തിലധികവും പരോക്ഷമായി നിരവധി പേര്‍ക്കും നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ പതിനായിരം പേര്‍ക്കും തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍. അടിസ്ഥാന സൗകര്യ വികസനത്തിന് ഉണ്ടാകുന്ന കുതിച്ചുചാട്ടം കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായി തീര്‍ക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ദിശാ സൂചികയാകാന്‍ കെ-റെയില്‍ പദ്ധതിക്കാകും. കെ റെയില്‍ വിരുദ്ധതയില്‍ ഒളിഞ്ഞിരിക്കുന്നതും ഫണം വിടര്‍ത്തുന്നതും കറയറ്റ ഇടതുപക്ഷ വിരുദ്ധതയാണ്.
കെ റെയില്‍ വിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിക്കുവാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും ഭിന്നാഭിപ്രായമുള്ള ആളുകളെ ബോധവല്‍ക്കരിക്കുന്നതിലൂടെ തിരുത്തി എത്രയും വേഗത്തില്‍ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സാര്‍ഥകമാക്കണമെന്നും പ്രമേയം തുടര്‍ന്ന് പറയുന്നു.
ചീഫ് സെക്രട്ടറി ഗുജറാത്തില്‍ പോയത് അവിടെ നല്ല വികസനമുണ്ടെങ്കില്‍ മാത്രം പഠിക്കാനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ഗുജറാത്തിന്റെ രാഷ്ട്രീയ സാഹചര്യം പഠിക്കാനല്ല പോയിരിക്കുന്നത്. ലോകത്തെവിടെ ആയാലും നല്ലതുണ്ടെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റില്ല. ശാസ്ത്രസാങ്കേതിക രംഗത്ത് ഗുജറാത്തില്‍ നിന്ന് വല്ലതും പഠിക്കാനുണ്ടെങ്കില്‍ അത് സ്വീകരിക്കും. എന്നു കരുതി ഗുജറാത്തില്‍ കേരളത്തേക്കാള്‍ വികസനമുണ്ടെന്ന അഭിപ്രായമില്ല.
അവസാന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്തില്‍ പോയതിന് മറ്റു ലക്ഷ്യങ്ങള്‍ കാണും. നിലവില്‍ ഇവിടെ നിന്നും ചീഫ് സെക്രട്ടറിയാണ് പോയിരിക്കുന്നത്. ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ അല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സനോജ്, പ്രസിഡന്റ് സതീഷ്, എസ്‌കെ സജീഷ്, കേന്ദ്രകമ്മറ്റിയംഗങ്ങളായ ചിന്താ ജെറോം കെയു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ പറഞ്ഞു.
165 മേഖലാ കമ്മറ്റികള്‍ ഡിവൈഎഫ്ഐക്ക് പുതുതായി വന്നു. 1697 യൂണിറ്റുകള്‍ വര്‍ധിച്ചു. 1,20,728 അംഗങ്ങളെ പുതുതായി ചേര്‍ത്തു. മറ്റു സംസ്ഥാനങ്ങളിലേതു പോലെ ആര്‍എസ്എസ് അജണ്ട ഇവിടെ നടപ്പാക്കാനുള്ള ശ്രമം ഡിവൈഎഫ്ഐ തടഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയുടെ പേര് പറഞ്ഞ് തീവ്രവാദ ഗ്രൂപ്പുകളായ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും രംഗത്തുണ്ട്. രണ്ട് വര്‍ഗീയതയും ഡിവൈഎഫ്ഐ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു.