പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി വനിത എത്തുമോ? ഇപ്പോള്‍ ജോയിന്റ് സെക്രട്ടറിയായ ചിന്താ ജെറോം പ്രസിഡന്റ് ആകാനുള്ള സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. യുവജനകമ്മിഷന്‍ ചെയര്‍പേഴ്സണായ ചിന്താ, സി.പി.എം. നേതൃത്വത്തിന്റെ ഗുഡ്ബുക്കിലുണ്ട്. പ്രായംപരിഗണവെച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് സ്ഥാനം ഒഴിയും. ആസ്ഥാനത്തേക്ക്, സി.പി.എം. ഫ്രാക്ഷനില്‍, ചിന്തായുടേയും കോഴിക്കോട്ടുനിന്നുള്ള ജോയിന്റ് സെക്രട്ടറി വി. വസീഫിന്റേയും പേരുകളാണ് ചര്‍ച്ചയ്ക്കുവന്നത്.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സി.പി.എം. സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാനും ലിംഗസമത്വത്തിനായുള്ള പോരാട്ടങ്ങള്‍ കുടുംബങ്ങളില്‍നിന്നുതന്നെ ആരംഭിക്കാനും പാര്‍ട്ടി തീരുമാനമുണ്ട്. പോരാട്ടങ്ങള്‍ പ്രധാനമായി ഏറ്റെടുക്കേണ്ടത് ഡി.വൈ.എഫ്.ഐയാണ്. ആ സാഹചര്യത്തില്‍ വനിതയെ യുവജനപ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന് നേതൃത്വം കരുതുന്നു.
സംസ്ഥാന സമ്മേളനത്തില്‍ കൊടിമരജാഥ നയിച്ചതും ചിന്തായാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവിധത്തില്‍ ഡി.വൈ.എഫ്.ഐ.യില്‍ വളര്‍ന്നുവന്ന വനിതാനേതാക്കള്‍ മുമ്പ് വളരെ കുറവായിരുന്നു.