ആലപ്പുഴ: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പരാതിപ്പെടാന്‍ സിപിഐ പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് കയറി ആക്രമിച്ചു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഉള്‍പ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു.
സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി സനാതനപുരം വാര്‍ഡില്‍ കുടുവന്‍ തറയില്‍ ഡി. അജയന്റെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സമീപം താമസിക്കുന്ന മാതൃസഹോദരീ പുത്രി ലജി സജീവിന്റെ (53) വീടാണ് ആക്രമിച്ചത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ജെ. ജയകൃഷ്ണന്‍ (24), മോഹിത് (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
അജയന്റെയും ലജിയുടെയും വീടുകള്‍ സമീപത്താണ്. ലജിയുടെ വീട്ടിലെ ടിവിയും ജനലുകളും വീടിനു മുന്നിലുണ്ടായിരുന്ന കാറിന്റെയും മിനിലോറിയുടെയും ചില്ലുകളും തകര്‍ത്തു. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള ലജിക്ക് ദേഹോപദ്രവമേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് സംഭവം. ആക്രമണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രതികളെ പൊലീസ് അവിടെനിന്നാണു പിടികൂടിയത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. അതേസമയം ‘സിപിഎമ്മുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും’ എന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് അജയന്‍ പറഞ്ഞു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റിലായ മോഹിത്താണ് ആദ്യം ആക്രമണത്തിനിരയായതെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍. രാഹുല്‍ പറഞ്ഞു.