തലസ്ഥാന ജില്ലയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലേക്കും ഇ.ഡിയുടെ പരിശോധന

1 second read
0
0

തിരുവനന്തപുരം: കരുവന്നൂരിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ തലസ്ഥാന ജില്ലയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലേക്കും ഇ.ഡിയുടെ പരിശോധന തുടങ്ങി. നേരത്തേ ജില്ലാ ജോയിന്റ് റജിസ്ട്രാറോട് ഇ.ഡി അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിരുന്നു. കൂടാതെയാണ് സഹകരണ റജിസ്ട്രാറോട് രേഖകള്‍ ആവശ്യപ്പെട്ടത്. ബാങ്കിന് 101 കോടി രൂപയുടെ ആസ്തി മൂല്യ ശോഷണം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ 37 കോടി രൂപ തിരിച്ചുകിട്ടാത്ത വിധം നഷ്ടമായെന്നും കണ്ടെത്തി. ബാങ്കിന്റെ പ്രസിഡന്റും കുടുംബാംഗങ്ങളും തന്നെ 3.5 കോടി അനധികൃതമായി വായ്പ എടുത്തുവെന്നും കണ്ടെത്തിയിരുന്നു. നിക്ഷേപകര്‍ പണം തിരികെ കിട്ടുന്നില്ലെന്ന പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എടുത്ത കേസുകള്‍ എല്ലാം ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞയാഴ്ച ഉത്തരവിറങ്ങിയിരുന്നു. ബാങ്കില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി കേസ് റജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിക്കും കേസ് അന്വേഷിക്കാനാകുമെന്നാണ് വ്യവസ്ഥ.

ഒരു വസ്തു തന്നെ ഈടു വച്ച് പല വായ്പകളിലൂടെ പ്രസിഡന്റും ബന്ധുക്കളും കോടികള്‍ വായ്പ എടുത്തുവന്നതും ഈ പണം എന്തിന് ഉപയോഗിച്ചുവെന്നതും ഉള്‍പ്പെടെ പരിശോധിക്കും. പലരുടെയും പേരില്‍ വായ്പകള്‍ എടുത്തതും ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നും ഇ.ഡി പരിശോധിക്കും. സഹകരണ വകുപ്പുകള്‍ കണ്ടെത്തിയ കണക്കുകളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ അന്വേഷണം നടത്തുന്നതാണ് ഇ.ഡിയുടെ രീതിയെന്നതിനാല്‍ കണ്ടല ബാങ്കിലും ഭരണ സമിതിയംഗങ്ങള്‍ ഇഡിയുടെ വരവിനെ ആശങ്കയോടെയാണ് കാണുന്നത്. സിപിഐയുടെ ഭരണ സമിതിയാണ് കണ്ടല ബാങ്ക് ഭരിച്ചിരുന്നത്.

കരുവന്നൂരില്‍ സഹകരണവകുപ്പ് 126 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 112 കോടിയായിരുന്നു. എന്നാല്‍ ഇഡിയെത്തിയപ്പോള്‍ ഇത് 334 കോടിയിലധികമായി.

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…