അബുദാബി: റോഡ് മാര്‍ഗം അബുദാബിയിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഇന്നു പുലര്‍ച്ചെ മുതല്‍ ഇഡിഇ സ്‌കാനര്‍ പരിശോധന തുടങ്ങി. അതിര്‍ത്തി കവാടത്തിലാണ് പരിശോധന. മറ്റു എമിറേറ്റുകളില്‍നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു.
വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാത്ത ഈ പരിശോധനയില്‍ ഉടന്‍ ഫലമറിയാം. ഇഡിഇ സ്‌കാനറില്‍ ചുവപ്പ് തെളിയുന്നവരെ അവിടെത്തന്നെ സൗജന്യ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കും. 20 മിനിറ്റിനകം ഫലമറിയും. രോഗം സ്ഥിരീകരിച്ചാല്‍ ക്വാറന്റീനിലേക്കു മാറ്റും. മൊബൈല്‍ സ്‌കാനിങിലെ വൈദ്യുതി കാന്തിക തരംഗങ്ങള്‍ ശരീരത്തിലേക്കു പ്രവേശിപ്പിച്ച് മെഷീന്‍ ലേണിങ് അല്‍ഗൊരിതം വഴി നിമിഷ നേരംകൊണ്ട് രോഗാവസ്ഥ കണ്ടെത്തുന്ന രീതിയാണിത്. വൈറസ് സാന്നിധ്യമുള്ളവരെ സ്‌കാന്‍ ചെയ്താല്‍ ചുവപ്പ് നിറവും അല്ലാത്തവരുടേത് പച്ചനിറവും തെളിയും.
ചുവപ്പു തെളിയുന്നവരെ മാത്രം ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കും. ഈ പരിശോധനയിലും പോസിറ്റീവാകുന്ന അബുദാബിക്കാരെ താമസ സ്ഥലത്ത് ക്വാറന്റീന്‍ സൗകര്യമുള്ളവരെ സ്മാര്‍ട് വാച്ച് ധരിപ്പിച്ചുവിടും. അല്ലാത്തവരെ പൊതു ക്വാറന്റീനിലേക്കു മാറ്റും.
മറ്റു എമിറേറ്റിലെ താമസക്കാരെങ്കില്‍ തിരിച്ചുവിടുകയും ബന്ധപ്പെട്ട വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്യും. ജൂണ്‍ മുതല്‍ ഷോപ്പിങ് മാളുകള്‍, താമസ കേന്ദ്രങ്ങള്‍, കര, വ്യോമ അതിര്‍ത്തി കവാടങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സ്‌കാനര്‍ നിലവിലുണ്ട്. കര്‍ശന നടപടികളിലൂടെ അബുദാബിയില്‍ കോവിഡ് വ്യാപനം കുറവാണ്.