തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഫലത്തിന്റെ ഷോക്കില്‍, ശബരിമലയിലെടുത്ത ‘യു ടേണ്‍’ സര്‍ക്കാര്‍ സില്‍വര്‍ലൈനിലും എടുക്കുമോ? തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു തലേന്നാണു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ സമാപന പരിപാടിയില്‍ സില്‍വര്‍ലൈനിനെ തൊടാതെ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഫലം വന്നതിനു പിന്നാലെയാണു കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്‍നിലപാട് മയപ്പെടുത്തിയത്.
എന്തു വില കൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയുമല്ല രണ്ടിടത്തും കണ്ടത്. പദ്ധതി ഉപേക്ഷിക്കുമെന്നു പ്രഖ്യാപിക്കില്ലെന്നുറപ്പ്. എന്നാല്‍, പാര്‍ട്ടിക്കും മുന്നണിക്കുമുള്ളില്‍ പദ്ധതിയെക്കുറിച്ചുള്ള വിശദമായ പുനഃപരിശോധനയ്ക്കു തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം വഴിയൊരുക്കും. കേന്ദ്രാനുമതി ലഭിക്കാത്തതിന്റെ പേരു പറഞ്ഞു ‘സ്വാഭാവികമായ മരണ’മാകും ഒരു പക്ഷേ സില്‍വര്‍ ലൈനിനു സര്‍ക്കാര്‍ വിധിക്കുക.