തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 17 മണ്ഡലങ്ങളില്‍ മുന്നേറുന്നു. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം. തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ സുരേഷ്‌ഗോപിയുടെ ലീഡ് അരലക്ഷം കടന്നു. സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായി. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍ രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തുമാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറയുന്നു.
കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. വടകരയില്‍ ഷാഫി തന്നെ ലീഡില്‍ തുടരാനാണ് സാധ്യത. ട്രെന്‍ഡ് എന്ന നിലയില്‍ 2019ലെ സമാന സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്നും ശൈലജ പറഞ്ഞു.
വാശിയേറിയ മത്സരം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 55,000 കടക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി കെ.കെ. രമ. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ, കെ.കെ. ശൈലജയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഈ നാട് ബാക്കിയുണ്ടെന്നും രമ പറയുന്നു.