കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ പുതിയ സ്ഥലങ്ങളില്‍. ഷര്‍ഖിലും ജലീബ് അല്‍ ഷുയൂഖിലും ഫഹാഹീലിലും പുതിയ ഇടങ്ങളിലേക്ക് മാറ്റിയ ഓഫിസുകള്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങള്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉതകുമെന്ന് സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.
പാസ്‌പോര്‍ട്ട്/ വീസ/ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുറമെ ഡോകുമെന്റ് അറ്റസ്റ്റേഷനും ഇനി മുതല്‍ ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും. നിലവില്‍ അറ്റസ്റ്റേഷന്‍ പ്രവൃത്തികള്‍ നടത്തിയിരുന്നത് എംബസിയിലാണ്.
മരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എംബസിയില്‍ തുടരും. വിവാഹം നടത്തുന്നതിന് എംബസിയില്‍ എത്തണം. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കുക.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ച 12 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും ഔട്ട്‌സോഴ്‌സിങ് സെന്ററുകളില്‍ സേവനം ലഭ്യമാകും. തൊഴിലെടുന്നവര്‍ക്ക് അവധിയെടുക്കാതെ പാസ്‌പോര്‍ട്ട്/കോണ്‍സുലര്‍/അറ്റസ്റ്റേഷന്‍ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അതുവഴി സാധിക്കുമെന്ന് സ്ഥാനപതി പറഞ്ഞു. നിലവില്‍ എംബസിയില്‍ എത്തിപ്പെടുന്നതിന് അനുഭവിക്കുന്ന ഗതാഗത പ്രശ്‌നവും മൂന്നിടങ്ങളിലെ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നതിന് നേരിടേണ്ടതില്ല.
3 കേന്ദ്രങ്ങളിലുമായി പ്രതിദിനം 700 പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നുവെന്നാണ് കണക്ക്. ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ എംബസിയിലെ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യം നല്‍കാനും ആലോചനയുണ്ടെന്ന് സിബി ജോര്‍ജ് പറഞ്ഞു.