ന്യൂഡല്‍ഹി: രാജ്യത്ത് പാസ്‌പോര്‍ട്ടുകള്‍ പുതുതലമുറയിലേക്ക് കടക്കുന്നു. മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളുടെ കാലമാകും ഇനി. പാസ്‌പോര്‍ട്ടുടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഇതില്‍ ശേഖരിച്ചിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് സഹായിക്കും, ഒപ്പം കൂടുതല്‍ സുരക്ഷയും ഉറപ്പാക്കും.
നവതലമുറ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലാണെന്ന് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വലിയ തലവേദന സൃഷ്ടിക്കുന്ന വ്യാജപാസ്‌പോര്‍ട്ടുകള്‍ക്ക് തടയിടാന്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. തിരുത്തലും മറ്റും വരുത്തി ക്രമക്കേടു നടത്താന്‍ കഴിയില്ല. ചിപ്പില്‍ ക്രമക്കേടുവരുത്താന്‍ ശ്രമിച്ചാല്‍ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവും. അതോടെ പാസ്‌പോര്‍ട്ട് അസാധുവാക്കപ്പെടുകയും ചെയ്യും.
64 കിലോബൈറ്റ് മെമ്മറിസ്‌പേസുള്ള സിലിക്കണ്‍ ചിപ്പാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ ആധാരം. ഒരു സ്റ്റാമ്പിന്റെ വലുപ്പമേ ചിപ്പിനുണ്ടാവൂ. 30 വിദേശസന്ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ വരെ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാവും. പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തിഗതവിവരങ്ങളെല്ലാം മൈക്രോചിപ്പില്‍ ശേഖരിച്ചിരിക്കും.
നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ്സിലാണ് ഇ-പാസ്‌പോര്‍ട്ടിന്റെ നിര്‍മാണം. ഇതിനായുള്ള സംവിധാനങ്ങളൊരുക്കാന്‍ അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ(ഐ.സി.എ.ഒ.) മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഇ-പാസ്‌പോര്‍ട്ടിന്റെ നിര്‍മാണവും വിതരണവും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയത്. മികച്ച ഗുണനിലവാരമുള്ള കടലാസും അച്ചടിയും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നയതന്ത്രപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും തുടക്കത്തില്‍ പുതുതലമുറ പാസ്‌പോര്‍ട്ട് ലഭിക്കുക.
നൂറിലേറെ രാജ്യങ്ങള്‍ നിലവില്‍ ഇ-പാസ്‌പോര്‍ട്ട് പൂര്‍ണമായോ ഭാഗികമായോ ഉപയോഗിക്കുന്നുണ്ട്. 49 കോടി ഇ-പാസ്‌പോര്‍ട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ഐ.സി.എ.ഒ.യുടെ കണക്ക്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളും ബംഗ്‌ളാദേശും ഈയിടെ ഇ-പാസ്‌പോര്‍ട്ടിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.