അനാഥയായിരുന്താലും നീ എന്‍ മോഹവല്ലി: ഫേസ്ബുക്ക് കാമുകിയെ വിവാഹം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച യുവാവിന് നഷ്ടമായത് 11 ലക്ഷം

0 second read
0
0

പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വ്വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരെയാണ് പന്തളം എസ്എച്ച്ഓ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എഴുകോണ്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ദമ്പതികള്‍ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. പന്തളം തോന്നല്ലൂര്‍ പൂവണ്ണാം തടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനില്‍ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോടെക് എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്.

2020 ഏപ്രിലിലാണു തട്ടിപ്പിനു തുടക്കം കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നാണു പാര്‍വതി പറഞ്ഞിരുന്നത്. എസ്എന്‍ പുരത്തു സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും മഹേഷിനെ അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ മഹേഷിനെ വിവാഹം കഴിക്കാനുളള സന്നദ്ധത പാര്‍വതി അറിയിച്ചു. വിവാഹാലോചനകള്‍ നടക്കുന്ന മഹേഷാകട്ടെ പാര്‍വതിയെ കണ്ടപ്പോള്‍ ഇവള്‍ തന്നെ തന്റെ ഭാര്യ എന്നുറപ്പിക്കുകയും ചെയ്തു. തുടക്കം മുതല്‍ ഒടുക്കം വരെ പാര്‍വതി പറഞ്ഞതെല്ലാം കള്ളമായിരുന്നു. തനിക്കു 10 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും അതിന്റെ കേസ് നടക്കുകയാണെന്നും പാര്‍വതി പറഞ്ഞത് മഹേഷ് വിശ്വസിച്ചു.

കേസ് നടത്തിപ്പിനു വക്കീലിനു കൊടുക്കാനും മറ്റു ചെലവുകള്‍ക്കുമുള്ള ആവശ്യമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ചികിത്സയുടെ പേരിലും പണം തട്ടി. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി ഇന്നോവ കാര്‍ വാടകയ്ക്കെടുത്തു നല്കിയതിന് 8,000 രൂപയും മഹേഷിനു ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്.

ഇതിനിടെ മഹേഷിനെയും കൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ യുവതി ഒഴിഞ്ഞു മാറിയതോടെ മഹേഷ് ഇവരുടെ വീട്ടില്‍ ചെന്നു. അപ്പോഴാണ് നേരത്തേ വിവാഹിതയാണെന്നും മകളുണ്ടെന്നും മനസിലായത്. താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായ മഹേഷിനു പന്തളം പൊലീസില്‍ പരാതി നല്കി. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍, എഴുകോണ്‍ സ്വദേശികളെയും സമാന രീതിയില്‍ ദമ്പതികള്‍ പറ്റിച്ചിട്ടുണ്ട്. പിടിയിലാകുന്നത് ആദ്യമാണ്. തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയിട്ടില്ലാത്തിനാല്‍ ഇതു വരെ രക്ഷപ്പെട്ടു പോരുകയായിരുന്നു. പ്രതികള്‍ക്ക് പൊലീസില്‍ അടക്കം ബന്ധമുള്ളതായും പറയപ്പെടുന്നു.

എസ്എച്ച്ഒ എസ്. ശ്രീകുമാര്‍, എസ്ഐ വിനോദ്കുമാര്‍ ടി.കെ, എസ്സിപിഒ സുശീല്‍കമാര്‍ കെ, സിപിഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സിപിഒ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…