ദുബായ്: എക്‌സ്‌പോ 2020 വേദിയിലെ വര്‍ക്കേഴ്‌സ് സ്മരണികയില്‍ തങ്ങളുടെ പേരുകള്‍ കണ്ടെത്തുമ്പോള്‍ ആ തൊഴിലാളികളുടെ മുഖത്ത് വിടര്‍ന്ന സന്തോഷവും അഭിമാനവും വിവരണാതീതമായിരുന്നു. ‘എക്സ്പോ 2020 യുടെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് ഇംഗ്ലീഷിലും അറബികിലും എഴുതിയ ടി- ഷര്‍ട്ടുകള്‍ ധരിച്ച അവര്‍ പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം നടത്തിയും ആഹ്‌ളാദം പങ്കിട്ടു. തങ്ങള്‍ നിര്‍മാണ തൊഴിലാളികളായ എക്‌സ്‌പോ 2020 വേദി സന്ദര്‍ശിക്കാനായിരുന്നു ഇന്ത്യക്കാരടക്കം നൂറു തൊഴിലാളികള്‍ ഒരുമിച്ച് എത്തിയത്. എക്‌സ്‌പോ നിര്‍മാണത്തിന്റെ ഭാഗമായ എല്ലാ തൊഴിലാളികളുടെയും പേരുകള്‍ കൊത്തിവച്ചിട്ടുള്ള സ്മാരകമായ ‘വര്‍ക്കേഴ്‌സ് സ്മരണിക’ വേദിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ്.
തൊഴിലാളികള്‍ അവരുടെ പേരുകള്‍ കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് അത് കാണിച്ചുകൊടുക്കുകയും ഫൊട്ടോയെടുക്കയുമെല്ലാം ചെയ്യുന്നത് ഹൃദയഹാരിയായ അനുഭവമായിരുന്നുവെന്ന് ഇതിന് നേതൃത്വം നല്‍കിയ തൊഴിലുടമകളായ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് അധികൃതര്‍ പറഞ്ഞു. തങ്ങള്‍ നിര്‍മിച്ച രാജ്യങ്ങളുടെ പവലിയനുകള്‍ ഒരിക്കല്‍ക്കൂടി അതിന്റെ പൂര്‍ണ്ണ ഭംഗിയോടുകൂടി തൊഴിലാളികള്‍ ആസ്വദിച്ചു. അല്‍ വാസല്‍ പ്ലാസയുടെ ദൃശ്യഭംഗിയില്‍ അവരുടെ മനം നിറഞ്ഞു. എക്‌സ്‌പോയിലെ സന്ദര്‍ശകരില്‍ പലരും തൊഴിലാളികളെ തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം ഫോട്ടോയെടുത്തു. എക്‌സ്‌പോയിലെ പല ഉയര്‍ന്ന ഉദ്യോഗസ്ഥരും തൊഴിലാളികളെ നേരില്‍വന്നു അഭിനന്ദിക്കുകയും ചെയ്തു.