ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫെയ്സ്ബുക് വന്‍ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ എണ്ണവും ആളുകള്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമ ഭീമനായ ഫെയ്സ്ബുക്കിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന സജീവ ഉപയോക്താക്കള്‍ കുറഞ്ഞു.
ഡിസംബര്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിലെ ഡിഎയു 1.929 ബില്യണായി കുറഞ്ഞുവെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ നെറ്റ്വര്‍ക്ക്സ് പറയുന്നു. മുന്‍ പാദത്തില്‍ സജീവ ഉപയക്താക്കള് 1.930 ബില്യണ്‍ ആയിരുന്നു. ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നുള്ള ശക്തമായ മത്സരം കാരണം ഫെയ്സ്ബുക്കില്‍ നിന്നുള്ള വരുമാന വളര്‍ച്ച മന്ദഗതിയിലാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്കി. അതേസമയം, ഫെയ്സ്ബുക്കില്‍ പരസ്യം നല്‍കുന്നതും കുറഞ്ഞിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നകോടെ ഓഹരി വിപണിയില്‍ മെറ്റയുടെ ഓഹരികള്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു. മെറ്റയുടെ ഓഹരി വിലയിലെ ഇടിവ് കമ്പനിയുടെ ഓഹരി വിപണി മൂല്യത്തില്‍ നിന്ന് 200 ബില്യണ്‍ ഡോളറിലധികം (147.5 ബില്യണ്‍ പൗണ്ട്) ആണ് നഷ്ടപ്പെടുത്തിയത്.
ട്വിറ്റര്‍, സ്നാപ്പ്, പിന്‍ട്രസ്റ്റ് എന്നിവയുള്‍പ്പെടെ മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഓഹരികളും വിപുലീകൃത ട്രേഡിങ്ങില്‍ കുത്തനെ ഇടിഞ്ഞു. ഗൂഗിളിനു ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്ഫോം സ്വന്തമാക്കിയ മെറ്റയും ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സ്വകാര്യതാ മാറ്റങ്ങള്‍ തങ്ങളെ ബാധിച്ചതായി വെളിപ്പെടുത്തി.
ആപ്പിളിലെ മാറ്റങ്ങള്‍ ബ്രാന്‍ഡുകള്‍ക്ക് ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ ടാര്‍ഗെറ്റുചെയ്യാനും നിരീക്ഷിക്കാനും ബുദ്ധിമുട്ടാക്കിയെന്ന് മെറ്റയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവ് വെഹ്നര് പറഞ്ഞു. മെറ്റയുടെ മൊത്ത വരുമാനം, ഇതില്‍ ഭൂരിഭാഗവും പരസ്യ വില്പനയില് നിന്നാണ്, കഴിഞ്ഞ പാദത്തില്‍ 33.67 ബില്യണ്‍ ഡോളറാണ് പരസ്യത്തില്‍ നിന്ന് ലഭിച്ചത്.
അതേസമയം, വിവിധ കണക്കുകള്‍ പ്രകാരം ഉപയോക്താക്കള്‍ ഫെയ്സ്ബുക്കില്‍ ചെലവഴിക്കുന്ന സമയവും കുറച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അല്‍ഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്.