ഫെഡറല്‍ ബാങ്കും കോട്ടക് ബാങ്കും ലയനത്തിനു തയ്യാറെടുക്കുകയാണോ? അത്തരത്തിലുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഫെഡറല്‍ ബാങ്ക് തുടങ്ങിയതായി പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കേരളം ആസ്ഥാനമായുള്ള മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് രാവിലെ ഏഴു ശതമാനം വര്‍ധന രേഖപ്പെടുത്തി. ലയനത്തിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു എന്നു വാര്‍ത്തയാണ് ഓഹരി വിലയിലെ ഈ കുതിപ്പിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടു ബാങ്കുകളും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സെബിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബാങ്കില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ലിസ്റ്റിങ് വിഭാഗം വിശദീകരണം അറിയിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഓഹരി കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ129 രൂപയിലെത്തിയ ശേഷം ഇപ്പോള്‍ 123.5 രൂപയിലേക്ക് താണു. കഴിഞ്ഞ അഞ്ച് ട്രേഡിങ് ദിവസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ഓഹരി 12 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതുതായി സ്വീകരിച്ച നടപടികളെ തുടര്‍ന്ന് ബാങ്കിന്റെ ഭാവി മികച്ചതായതിനാല്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ വാങ്ങാന്‍ ശുപാര്‍ശ ചെയ്തതാണ് വില വര്‍ധനവിനു കാരണമെന്നും പറയുന്നു.