ലണ്ടന്‍: കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രത. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു.
സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 27 പേര്‍ക്കും ബ്രിട്ടനില്‍ 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ 14 പേരും അമേരിക്കയില്‍ 3 പേരും രോഗബാധിതരായി. സ്‌കോട്ട്‌ലന്‍ഡിലും ഡെന്‍മാര്‍ക്കിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ കുരുങ്ങുപനിക്കും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സീന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.
1960 ല്‍ കോംഗോയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.
രോഗം ആശങ്കാജനകമാണെങ്കിലും കോവിഡ് 19 പോലുള്ള സാഹചര്യം നിലവിലില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടോക്കിയോയില്‍ പറഞ്ഞു. കടുത്ത വിലക്ക് പോലുള്ള നടപടികള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ രോഗം പടര്‍ന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ നല്‍കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ കുരങ്ങു പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കും. 21 ദിവസത്തിനിടെ വിദേശത്തു നിന്നെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.