തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളും ആരോഗ്യവകുപ്പിലെ ഫയലുകള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ചും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഭരണാനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നതില്‍ വലിയ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ ഡയറക്ടറേറ്റില്‍ നിന്നും പ്രധാനപ്പെട്ട ഫയലുകള്‍ നഷ്ടമായെന്ന വാര്‍ത്തകൂടി പുറത്തുവന്നപ്പോള്‍ ആരോഗ്യവകുപ്പാകെ സംശയനിഴലിലായിരിക്കുകയാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാനും ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലും ആവശ്യപ്പെട്ടു.
മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനും സൂക്ഷിക്കാനുമായി പ്രത്യേക കോര്‍പ്പറേഷന്‍ രൂപവത്കരിച്ചപ്പോള്‍ അതില്‍ ആശങ്കയും പ്രതിഷേധവും ജോയിന്റ് കൗണ്‍സില്‍ ഉന്നയിച്ചിരുന്നതാണ്. അന്ന് ജോയിന്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉന്നയിച്ച ആക്ഷേപം ശരിയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വെളിയില്‍ പ്രവൃത്തികളും പര്‍ച്ചേസുകളും നടത്തുവാന്‍ അധികാരപ്പെട്ട ഇത്തരത്തിലുള്ള എല്ലാ കോര്‍പ്പറേഷനുകളിലും സമഗ്രമായ ഓഡിറ്റിങ് നടത്തണം. അക്കൗണ്ട് ജനറലിന്റെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.