വാഷിങ്ടണ്‍: അമേരിക്കന്‍ മൊബൈല്‍ സേവന ദാതാക്കളായ വെറൈസണും എ.ടി. ആന്‍ഡ് ടി.യും 5ജി സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനാല്‍ വിമാനസര്‍വീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ആയിരക്കണക്കിനു വിമാനങ്ങള്‍ പറത്താനാകാതെ വരുമെന്നുകാട്ടി പ്രധാന വിമാനകമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവുമാര്‍ ഗതാഗത സെക്രട്ടറി പീറ്റ് ബൂഡെജജിനു കത്തെഴുതി. 1100-ലേറെ വിമാനങ്ങളെ ഇതു ബാധിക്കുമെന്നും ഒരുലക്ഷം യാത്രക്കാര്‍ ബുദ്ധിമുട്ടുമെന്നും കത്തില്‍ പറയുന്നു.
അതിവേഗ 5ജി ഇന്റര്‍നെറ്റിന് സി-ബാന്‍ഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനങ്ങള്‍ അവ പറക്കേണ്ട ഉയരമറിയുന്നതും ഇതിനു സമാനമായ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളുപയോഗിച്ചാണ്. ഈ തംരഗങ്ങളിലെ സമാനത വിമാനങ്ങളുടെ ഉപകരണങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് വിമാനകമ്പനികള്‍ പറയുന്നത്. എന്നാല്‍, സി-ബാന്‍ഡ് തരംഗങ്ങള്‍ ബാധിക്കാനിടയുള്ള ഉപകരണങ്ങള്‍ പരിഷ്‌കരിക്കാന്‍ വിമാനകമ്പനികള്‍ക്ക് വര്‍ഷങ്ങളുണ്ടായിരുന്നുവെന്നാണ് വെറൈസണിന്റെയും എ.ടി.ആന്‍ഡ് ടി.യുടെയും വാദം.
വിമാനത്താവളങ്ങളുടെ സമീപം സ്ഥാപിക്കുന്ന 5ജി ട്രാന്‍സ്മിറ്ററുകളുടെ ശേഷി കുറയ്ക്കാമെന്ന് മൊബൈല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ പുതിയ സാങ്കേതിവിദ്യ വ്യാപിപ്പിക്കുന്നതില്‍നിന്ന് അവയെ തടയില്ല എന്നുമാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറഞ്ഞത്.