അടൂര്‍: ഓണത്തിന് അത്തപ്പൂക്കളത്തിന് നിറമേകാന്‍ മുണ്ടപ്പള്ളിയില്‍ ചെണ്ടുമല്ലി പൂവിട്ടു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം മുണ്ടപ്പള്ളി സുഭാഷും സഹോദരന്‍ സുമേഷിന്റെ ഭാര്യ അനിതാകുമാരിയും ചേര്‍ന്നാണ് 25 സെന്റ് കരഭൂമിയില്‍ ചെണ്ടു മല്ലി കൃഷിയിറക്കിയത്. ബാംഗ്ലൂരില്‍ നിന്നും വരിത്തിച്ച ഹൈബ്രീഡ് വിത്ത് ട്രേയില്‍ പാകി മുളപ്പിച്ച് മുപ്പതാം ദിവസം പറിച്ചുനട്ടു. നാല്പത്തേഴ് ദിവസമായപ്പോഴേക്കും പൂമൊട്ടുകള്‍ വിരിഞ്ഞു. തൊണ്ണൂറാം ദിവസമാകുമ്പോഴേക്കും പൂര്‍ണ്ണ വളര്‍ച്ചയെത്തി ചെണ്ടുമല്ലിപ്പൂക്കള്‍ വിപണനത്തിന് തയ്യാറാകും. ഇപ്പോള്‍ ഓറഞ്ചും മഞ്ഞയും നിറങ്ങളില്‍ പരവതാനി വിരിച്ച പോലെയാണ് 25 സെന്റ് പുരയിടം.
മുണ്ടപ്പള്ളി ഗവ. എല്‍. പി. എസിലെ പ്രീ പ്രൈമറി അദ്ധ്യാപികയാണ് അനിത. മകള്‍ അനന്യയും പൂന്തോട്ടമൊരുങ്ങാന്‍ സഹായിക്കുന്നുണ്ട്. പന്നിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മുന്‍പുണ്ടായിരുന്ന കൃഷികള്‍ ഉപേക്ഷിച്ചാണ് ചെണ്ടുമല്ലികൃഷിയിലേക്ക് മുണ്ടപ്പള്ളി സുഭാഷ് മുന്‍കൈയ്യെടുത്തത്. ചെണ്ടുമല്ലിചെടിയുടെ ഗന്ധംകാരണം പന്നിക്കൂട്ടങ്ങള്‍ ഇവിടേക്ക് ഇപ്പോള്‍ അടുക്കാറില്ലെന്നും മുണ്ടപ്പള്ളസുഭാഷ് പറയുന്നു. ഓണവിപണിയും കാത്ത് ഇളം കാറ്റില്‍ ഇളകിയാടുന്ന ചെണ്ടുമല്ലി നയന മനോഹര കാഴ്ച്ചതന്നെയാണ്. പൂക്കള്‍ കാണാനും തോട്ടത്തില്‍ നിന്ന് സെല്‍ഫി എടുക്കാനുമായി നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്. ചെണ്ടുമല്ലി പൂവിട്ടതോടെ തേന്‍നുകരാനെത്തുന്ന ഓണത്തുമ്പികളും വണ്ടുകളും കൗതുകകരമായ കാഴ്ചയാണ്.