ദോഹ: ആരാധകരെ ആഹ്ളാദഭരിതരാക്കി തുറന്ന വാഹനത്തില്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ പര്യടനം. ഫൈനല്‍ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിന് സമീപത്തെ ലുസെയ്ല്‍ ബൗളെവാര്‍ഡിലെ പാതയിലൂടെ നീല നിറത്തിലുള്ള തുറന്ന ബസിലാണ് മെസിയും കൂട്ടരും പര്യടനം നടത്തിയത്. വിക്ടറി പരേഡ് വീക്ഷിക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും എത്തി.
ഖത്തറിന്റെ ദേശീയ ദിന പരേഡിന്റെ ഭാഗം കൂടിയായിരുന്നു ജേതാക്കളുടെ വിക്ടറി പരേഡ്. വാഹനത്തിന്റെ മുന്‍പിലായി സൈനിക വ്യൂഹവും ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ലഈബും വിവിധ കലാരൂപങ്ങളും അണിനിരന്നു. ദേശീയ പതാകയുമായി വാഹനങ്ങളുടെ റാലിയും ആഘോഷത്തിന് മാറ്റേകി. ആരോഗ്യ പ്രവര്‍ത്തകര്‍, ലോകകപ്പ് വൊളന്റിയര്‍മാര്‍ എന്നിവരും ദേശീയ ദിന പരേഡില്‍ പങ്കെടുത്തു.
ഏറ്റവും പുറകിലായി അര്‍ജന്റീനയുടെ പതാകയേന്തി ആരാധകരും നിറഞ്ഞു. അര്‍ജന്റീനയുടെ പതാകയുടെ നിറങ്ങളിലാണ് ജേതാക്കള്‍ സഞ്ചരിച്ച ബസിന്റെ അലങ്കാരവും. ബസിന്റെ ഇരു വശങ്ങളിലും അര്‍ജന്റീന എന്നും ചാംപ്യന്‍സ് എന്നുമെഴുതിയിട്ടുണ്ട്. വര്‍ണാഭമായ സാംസ്‌കാരിക കാഴ്ചകളിലൂടെയാണ് വിക്ടറി പരേഡ് അരങ്ങേറിയത്. ആയിരകണക്കിന് ആരാധകരാണ് ചാംപ്യന്‍മാരെ കാണാന്‍ ബൗളെവാര്‍ഡില്‍ എത്തിയത്.