റാന്നി: സീതത്തോട് കൊച്ചുകോയിക്കലില്‍ റോഡരികില്‍ നിന്നും പരുക്കേറ്റ നിലയില്‍ കിട്ടിയ പുലിക്കുഞ്ഞിന് വിദഗ്ധ ചികില്‍സ നല്‍കി. പത്തനംതിട്ടയിലെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചാണ് ചികില്‍സ കൊടുത്തത്. പുലിക്കുട്ടിയെ കണ്ട വിവരം നാട്ടുകാരാണ് വനപാലകരെ അറിയിച്ചത്. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് പുലിക്കുട്ടിയെ വല ഉപയോഗിച്ച് പിടിച്ചത്.
പുലിക്കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. തുടക്കത്തില്‍ പടക്കം പൊട്ടിച്ച് ഇതിനെ വനത്തിലേക്ക് കയറ്റി വിടാന്‍ ശ്രമം നടത്തിയെങ്കിലും നടക്കാത്തതിനാല്‍ വനപാലകര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഇതിന് പരുക്ക് പറ്റിയിട്ടുള്ളതായി മനസ്സിലാക്കി പിടികൂടുകയായിരുന്നു. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയില്‍ ഇതിന് വൈറസ് രോഗം പിടിപെട്ടതായും തലച്ചോറിനെ ബാധിച്ചതിനാലാണ് സഞ്ചരിക്കാന്‍ കഴിയാഞ്ഞതെന്നും കനയില്‍ ഡിസ്റ്റ്ബര്‍ എന്ന പേരില്‍ മൃഗങ്ങള്‍ക്ക് ഉണ്ടാകുന്ന വൈറസ് രോഗമാണ് പുലി കുട്ടിക്ക് പിടിപെട്ടത് എന്ന് വനപാലകര്‍ പറയുന്നു കോന്നി വനംവകുപ്പിലെ ഡോക്ടര്‍ ശ്യാമിന്റെ മേല്‍നോട്ടത്തിലാണ് പുലിക്കുട്ടി ഇപ്പോള്‍.