തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കി. ജനുവരി ഒന്നിനു പദ്ധതി തത്വത്തില്‍ ആരംഭിക്കുമെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ ആശുപത്രികളില്‍ കാഷ്ലെസ്, റീഇംബേഴ്‌സ്‌മെന്റ് സൗകര്യം ലഭിക്കാന്‍ 2 മാസം കൂടിയെങ്കിലും കാത്തിരിക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സില്‍ താഴെയുള്ള മക്കളെയും ആശ്രിതരായി ചേര്‍ക്കാം. എന്നാല്‍, പെന്‍ഷന്‍കാര്‍ക്ക് പങ്കാളിയെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. ഈ വേര്‍തിരിവ് പാടില്ലെന്ന് പെന്‍ഷന്‍കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭ പരിഗണിച്ചില്ല. കേരള സേവന ചട്ടം പ്രകാരം പെന്‍ഷന്‍കാരുടെ ആശ്രിതര്‍ പങ്കാളി മാത്രമെന്ന വാദമാണ് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒഴികെ എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് അംഗത്വം നിര്‍ബന്ധമാണ്. നിലവിലുള്ള രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ കാഷ്ലെസ് ചികില്‍സ നല്‍കും. എല്ലാവര്‍ക്കും 500 രൂപയാണ് പ്രതിമാസ പ്രീമിയം. മുന്‍ എംഎല്‍എമാരെ കൂടി പദ്ധതിയുടെ ഭാഗമാക്കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളിലെ ഉള്‍പ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം. സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അംഗങ്ങളാണ്.