ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ ഹാങ്‌ചോവിലെ മൂന്നാം സ്വര്‍ണം നേടിയത്. ടീം ഇനത്തില്‍ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുല്‍ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് അശ്വാഭ്യാസത്തില്‍ വിജയിച്ചത്. 41 വര്‍ഷത്തിനു ശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.
ചൈന വെള്ളിയും ഹോങ് കോങ് വെങ്കലവും നേടി. ഗെയിംസില്‍ ഇന്ത്യയുടെ 14-ാം മെഡലാണിത്. ചൊവ്വാഴ്ച സെയ്‌ലിങ്ങില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. നേഹ ഠാക്കൂറാണ് ഇന്ത്യയ്ക്കായി ചൊവ്വാഴ്ചത്തെ ആദ്യ മെഡല്‍ നേടിയത്. . മധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ 17 വയസ്സുകാരി കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ സെയ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയിരുന്നു.
പുരുഷന്‍മാരുടെ വിന്‍ഡ്‌സര്‍ഫര്‍ ആര്‍എസ് എക്‌സ് വിഭാഗം സെയ്‌ലിങ്ങില്‍ ഈബാദ് അലി വെങ്കലം സ്വന്തമാക്കി. പുരുഷന്‍മാരുടെ 100 മീറ്റര്‍ റിലേ നീന്തലില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നു. മലയാളി താരം സജന്‍ പ്രകാശ് ഉള്‍പ്പെട്ട ടീമാണ് നാലാമതായി ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ സ്‌ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സിംഗപ്പൂരിനെ തോല്‍പിച്ചു. 3-0നാണ് ഇന്ത്യയുടെ വിജയം. അടുത്ത മത്സരത്തില്‍ ഖത്തറാണ് ഇന്ത്യയുടെ എതിരാളികള്‍.