തിരുവനന്തപുരം: സര്‍ക്കാര്‍ വിപണിയിലെത്തിക്കുന്ന കുപ്പിവെള്ളമായ ‘ഹില്ലി അക്വ’യുടെ ഉല്പാദനവും വിതരണവും വര്‍ധിപ്പിക്കുന്നു. ലിറ്ററിന് 13 രൂപയ്ക്ക് ഗുണനിലവാരം കൂടിയ കുപ്പിവെള്ളം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (കെഐഐഡിസി) ‘ഹില്ലി അക്വ’ പൊതു വിപണിയിലെത്തിക്കുന്നത്.
തൊടുപുഴ മ്രാലയിലുള്ള പ്ലാന്റില്‍ നിന്ന് ഒരു ലീറ്ററിന്റെയും രണ്ടു ലീറ്ററിന്റെയും കുപ്പിവെള്ളവും അരുവിക്കരയില്‍ നിന്ന് 20 ലീറ്റര്‍ ജാറുകളിലുമാണ് ഇപ്പോള്‍ വിതരണം. അരുവിക്കരയിലെ പ്ലാന്റില്‍ ജനുവരി മാസത്തോടെ ഒരു ലീറ്റര്‍ കുപ്പിവെള്ളം ഉല്പാദനം ആരംഭിക്കും. തൊടുപുഴയില്‍നിന്ന് അര ലീറ്ററിന്റെ ഉല്പാദനവും വൈകാതെ തുടങ്ങും. ഉപരിതല ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. സാന്‍ഡ് ഫില്‍ട്രേഷന്‍, കാര്‍ബണ്‍ ഫില്‍ട്രേഷന്‍, മൈക്രോണ്‍ ഫില്‍ട്രേഷന്‍, അള്‍ട്രാ ഫില്‍ട്രേഷന്‍, ഓസോണൈസേഷന്‍ തുടങ്ങി പത്തോളം യന്ത്രവല്‍കൃത ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ടാണു വെള്ളം കുപ്പികളില്‍ നിറയ്ക്കുന്നത്. ഓരോ മണിക്കൂര്‍ ഇടവിട്ടു സ്വന്തം ലാബില്‍ തന്നെ പരിശോധിച്ചു വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നുണ്ട്.
ഗുണനിലവാരം കൂടിയ കുപ്പിവെള്ളം ന്യായമായ വിലയ്ക്കു ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹില്ലി അക്വയുടെ ഉല്പാദനവും വിപണനവും സര്‍ക്കാര്‍ വിപുലമാക്കുന്നതെന്നു ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഹില്ലി അക്വയുടെ വിലയില്‍ മാറ്റം വരുത്തേണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ മേഖലകളില്‍ കുറഞ്ഞവിലയ്ക്ക് കുപ്പിവെള്ളമെത്തിക്കാന്‍ പുതിയ വിതരണക്കാരെ നിയോഗിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങളില്‍ ഒരു ലീറ്റര്‍ ഹില്ലി അക്വയുടെ പരമാവധി വില്പന വില 13 രൂപ മാത്രമായിരിക്കും. ജയില്‍ വകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്ന ഭക്ഷണവിതരണ ശൃംഖലകള്‍ വഴിയും തൊടുപുഴ മ്രാലയില്‍ ഹില്ലി അക്വ കമ്പനിയുടെ നേരിട്ടുള്ള ഔട്ലെറ്റിലും എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വിതരണക്കാര്‍ സജ്ജമാക്കിയിട്ടുള്ള ഔട്ലെറ്റുകളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഔട്ലെറ്റിലും ഹില്ലി അക്വ ഒരു ലീറ്ററിന് 10 രൂപയ്ക്കാണ് ലഭിക്കുന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴിയും കഴിയുന്നത്ര ഇടങ്ങളില്‍ ‘ഹില്ലി അക്വ’ മിതമായ വിലയ്ക്ക് വില്പനയ്ക്കെത്തിക്കാന് ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.