തിരുവനന്തപുരം: കേരള പൊലീസിന്റെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കിയാല്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയ്ക്കായി കേന്ദ്രത്തിന് കേന്ദ്രസേനയെ നിയോഗിക്കാനാകും. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍നടപടികള്‍ ഉണ്ടാകേണ്ടത് കേന്ദ്രത്തില്‍ നിന്നാണ്. ഗവര്‍ണര്‍ എല്ലാ മാസവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം വഴി രാഷ്ട്രപതിക്കു നല്‍കാറുണ്ട്. സെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമുള്ളത്. മൂന്നു വര്‍ഷമായി ഗവര്‍ണര്‍ക്ക് സെഡ് പ്ലസ് സുരക്ഷയുണ്ട്.
സെഡ് വിഭാഗം സുരക്ഷയുണ്ടായിരുന്ന സമയത്ത് സംസ്ഥാനത്തിനു പുറത്തു പോകുമ്പോള്‍ ഗവര്‍ണര്‍ക്കു സുരക്ഷ കുറയുന്ന സാഹചര്യമുണ്ടായി. ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സെഡ് പ്ലസ് സുരക്ഷ നല്‍കിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്ക് പത്തോളം വാഹനങ്ങളുടെ അകമ്പടിയുണ്ടാകും. സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും വ്യത്യാസം വരും.
സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് 6 മാസം കൂടുമ്പോള്‍ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരും. ആവശ്യമെങ്കില്‍ സുരക്ഷ വര്‍ധിപ്പിക്കും. അഡ്വാന്‍സ് പൈലറ്റ് വാഹനവും പൈലറ്റ് വാഹനവും വിഐപി വാഹനവും രാജ്ഭവന്റെ സെക്യൂരിറ്റി വാഹനവും പൊലീസ് വാഹനങ്ങളും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ഗവര്‍ണറുടെ വാഹനവ്യൂഹത്തിലുണ്ടാകും.