തിരുവനന്തപുരം: സര്‍ക്കാരിനോടുള്ള നിലപാട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുപ്പിച്ചതോടെ, നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ബില്ലുകളുടെ കാര്യം അനിശ്ചിതത്വത്തിലായി. ഈ ബില്ലുകള്‍ക്ക് അദ്ദേഹം ഉടനെ അംഗീകാരം നല്‍കാന്‍ സാധ്യതയില്ല. അതേസമയം വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ട നിയമം റദ്ദാക്കിയ ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അയയ്ക്കുമ്പോള്‍ ഒപ്പം ഇതു സംബന്ധിച്ച നിയമസഭാ ചര്‍ച്ചകളുടെ മിനിറ്റ്‌സും അയയ്ക്കാറുണ്ട്. സാധാരണ, മലയാളത്തിലുള്ള മിനിറ്റ്‌സ് ആണ് അയയ്ക്കുക. സര്‍വകലാശാല, ലോകായുക്ത ബില്‍ ചര്‍ച്ചയുടെ ഇംഗ്ലിഷ് പരിഭാഷ രാജ്ഭവന്‍ ചോദിച്ചെങ്കിലും അത് നിയമ വകുപ്പ് അംഗീകരിച്ചു വരാന്‍ സമയം എടുക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കു വായിക്കാനായി രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ തന്നെ മിനിറ്റ്‌സ് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തും.
സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങളുടെ കാര്യത്തില്‍ നിലപാടു കടുപ്പിക്കാനാണു ഗവര്‍ണറുടെ തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ വിഡിയോയുടെ പൂര്‍ണരൂപം ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ വിസിക്കെതിരെ നടപടികളിലേക്കു നീങ്ങുന്നതിനു മുന്നോടിയാണ് ഇതെന്നു കരുതുന്നു.
ലോകായുക്ത ബില്ലിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ അവരുടെ പഴയ അധികാരം അതേപടി തുടരും. പഴയ നിയമം അനുസരിച്ച് ലോകായുക്തയ്ക്കു പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഇതു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും.