കൊച്ചി: സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങളില്‍ ഉള്‍പ്പെടെ കടുത്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തനിക്കെതിരെ പിന്നണിയിലായിരുന്നുവെന്ന് സൂചിപ്പിച്ച ഗവര്‍ണര്‍, അദ്ദേഹം ഇപ്പോള്‍ മറനീക്കി പുറത്തുവന്നുവെന്നും പരിഹസിച്ചു. മുഖ്യമന്ത്രി നേരിട്ട് മറുപടി പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ, നിലപാട് കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കിയത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സര്‍ക്കാരിനെതിരായ തന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു.
കണ്ണൂരില്‍വച്ച് തനിക്കെതിരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ”മൂന്നു വര്‍ഷം മുന്‍പ് എനിക്കെതിരെ വധശ്രമമുണ്ടായി. കണ്ണൂര്‍ വിസി വധശ്രമ ഗൂഢാലോചനയ്ക്ക് കൂട്ടു നിന്നതാണ്. അതിന് എന്റെ കൈയില്‍ തെളിവുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കി. കത്തമയച്ചു. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. കേസ് എടുക്കാന്‍ പൊലീസ് തയാറായില്ല. കേസെടുക്കുന്നതില്‍നിന്ന് പൊലീസിനെ തടഞ്ഞത് ആരാണ്? ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല?’ – ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ലെന്നും ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.