തിരുവനന്തപുരം: 169-ാമത് ശ്രീനാരായണഗുരുദേവ ജയന്തി ലോകമെമ്പാടും ഭക്ത്യാദരപൂര്‍വം ഇന്ന് ആഘോഷിക്കും. ശിവഗിരി മഠത്തിലും, അനുബന്ധ മഠങ്ങളിലും
എസ്.എന്‍.ഡി.പി യോഗത്തിന്റെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലും ജയന്തി ഘോഷയാത്രയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും.ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ ഇന്ന് വൈകിട്ട്
6. 30 ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും.
രാവിലെ ആറിന് വയല്‍വാരം വീട്ടില്‍ വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ത്ഥനയും നടക്കും. 10 ന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്ക്കു ശേഷം 3ന് തിരുജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് ഗുരുകുലത്തില്‍ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി, ജനതാറോഡ്, ചെല്ലമംഗലം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റോഫീസ് ജംഗ്ഷന്‍ വരെ പോയി ഗുരുകുലത്തില്‍ സമാപിക്കും.
ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളോടെ ജയന്തി ആഘോഷിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മപതാക ഉയര്‍ത്തും. 9.30ന് മന്ത്രി മുഹമ്മദ് റിയാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നല്‍കും. വൈകിട്ട് 3 ന് ജയന്തി ഘോഷയാത്രയ്ക്ക് മുന്നോടിയായി മഹാസമാധിയില്‍ നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കും. 4.30ന് ജയന്തി ഘോഷയാത്ര മഹാസമാധിയില്‍ നിന്നും പുറപ്പെടും. ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, 60 മുത്തുക്കുടകള്‍, ഗുരദേവവിഗ്രഹം വഹിക്കുന്ന രഥം, ഗുരുദേവദര്‍ശനം ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഫ്ളോട്ടുകള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ അണിനിരക്കും.
ശ്രീനാരായണഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ ചരിത്രപ്രസിദ്ധമായ അരുവിപ്പുറത്ത് മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജയന്തി സമ്മേളനം രാവിലെ 11 ന് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും.