തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 വരെയാണു പണിമുടക്ക്. അവശ്യ സര്‍വീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്.
ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തില്‍ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. എടിഎമ്മുകളില്‍ പണമുണ്ടെന്നു ബാങ്കുകള്‍ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കു കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. വേണ്ടത്ര യാത്രക്കാരുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്നു സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.