കൊച്ചി: ഉമ്മയുടെയും ഉപ്പയുടെയും ഖബറിടത്തിലെ പ്രാര്‍ഥന കഴിഞ്ഞ് യൂസഫലി പറന്നത് പുണ്യം നിറഞ്ഞൊരു ആശ്വാസ തണലൊരുക്കാനായിരുന്നു. ദുരിതങ്ങളും സങ്കടങ്ങളും പൊള്ളിച്ച ജീവിതത്തിനൊരു തണല്‍ തേടി അലഞ്ഞ ഷഹ്രിന് അമാന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയുടെ വരവ് ജീവിതത്തിലെ ഏറ്റവും വലിയ മോഹത്തിന്റെ സാക്ഷാത്കാരമായിരുന്നു. ഉമ്മയും ഭിന്നശേഷിക്കാരനായ അനുജനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിന് അമാന്‍ എന്ന ഒമ്പതാം ക്ലാസുകാരിയുടെ വാര്‍ത്ത വായിച്ചാണ് യൂസഫലി അവളെയും കുടുംബത്തെയും കാണാനെത്തിയത്. അനുജന് അര്‍ഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്നു പറഞ്ഞ യൂസഫലി ഷഹ്രിന്റെ കുടുംബത്തിനു മുന്നോട്ടു പോകാനുള്ള കാര്യങ്ങള്‍ക്ക് സഹായവും ബന്ധുവായ യുവാവിനു ജോലിയും വാഗ്ദാനം ചെയ്തു.
ചൊവ്വാഴ്ച നാട്ടികയില്നിന്നാണ് യൂസഫലി കൊച്ചിയിലേക്ക് ഹെലികോപ്റ്ററിലെത്തിയത്. ”ഉമ്മയുടെയും ഉപ്പയുടെയും ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് ഞാന്‍ ഈ കുഞ്ഞിനെ കാണാനെത്തിയത്. ഒരു വിമാന യാത്രയ്ക്കിടയിലാണ് ഷഹ്രിനെപ്പറ്റി വന്ന വാര്‍ത്ത ഞാന്‍ വായിച്ചത്. അതു കഴിഞ്ഞ് എന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജും ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തി. എന്നെ കാണാന്‍ ഷഹ്രിന് വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള്‍ അവളെ വന്നു കാണണമെന്നു കരുതി. കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഫാസ് ടാഗ് വില്പനയ്ക്കും കുലുക്കി സര്‍ബത്ത് വില്പനയ്ക്കുമൊക്കെപ്പോയ ഈ ഒമ്പതാം ക്ലാസുകാരിയുടെ നേരെ സഹായത്തിന്റെ ഒരു കൈ നീട്ടേണ്ടത് ആവശ്യമാണെന്നു തോന്നി” – യൂസഫലി പറഞ്ഞു.
ഷഹ്രിനെ അരികില്‍ വിളിച്ച് വിശേഷങ്ങളെല്ലാം തിരക്കിയ യൂസഫലി ഉമ്മ ഷഹ്നാസിനെയും ആശ്വസിപ്പിച്ചു. ഇതിനകം നാലു ശസ്ത്രക്രിയകള്‍ കഴിഞ്ഞ ഒമ്പതു വയസ്സുകാരന് അര്‍ഫാസിന്റെ ജീവിതമാണ് വലിയ സങ്കടമെന്നു ഷഹ്നാസ് പറഞ്ഞപ്പോള്‍ അരികിലുണ്ടായിരുന്ന സ്വരാജിനോട് ചികിത്സയുടെ കാര്യങ്ങള്‍ നോക്കാന്‍ യൂസഫലി നിര്‍ദേശിച്ചു. ഒരു ദിവസം ഫാസ് ടാഗ് വിറ്റാല്‍ എത്ര രൂപ കിട്ടുമെന്ന് ഷഹ്രിനോടു ചോദിച്ച യൂസഫലി ഐ.പി.എസുകാരിയാകാനുള്ള അവളുടെ മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ നന്നായി പഠിക്കണമെന്നും ഉപദേശിച്ചു.