എറണാകുളം:എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എം. പി നടപ്പിലാക്കുന്ന ‘അവള്‍ക്കായ്’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണവും ബോധ വത്ക്കരണവുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. എച്ച് എല്‍ എല്‍ മാനേജ്മെന്റ് അക്കാദമിയുടെ തിങ്കള്‍ പദ്ധതിയുമായി സാഹകരിച്ചാണ് ‘അവള്‍ക്കായ്’ നടപ്പിലാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് ആദ്യ ഘട്ടം പദ്ധതിയുടെ സ്‌പോണ്‍സര്‍.
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പിലാക്കിയത്. കുടുംബശ്രീ യൂണീറ്റുകള്‍ വഴി ഓരോ വാര്‍ഡിലും ബോധ വത്ക്കരണ ക്‌ളാസുകള്‍ സംഘടിപ്പിച്ചാണ് കപ്പുകള്‍ വിതരണം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് കുമ്പളങ്ങിയില്‍ നിന്ന് ലഭിച്ചതെന്ന് ഹൈബി ഈഡന്‍ എം. പി പറഞ്ഞു. ഇനി മുളവുകാട് പഞ്ചായത്തിലും തുടര്‍ന്ന് കളമശ്ശേരി മുന്‍സിപ്പാലിറ്റിയിലുമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ആര്‍ത്തവ സംബന്ധിയായ മുന്നേറ്റങ്ങള്‍ ഒച്ചിഴയുന്നത് പോലെയാണ് നമ്മുടെ നാട്ടില്‍. ആര്‍ത്തവ കപ്പുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമായി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇത് സംബന്ധിച്ച് സ്ത്രീകള്‍ക്ക് കൃത്യമായ ബോധ്യം ഇല്ലാത്തതാണ് പ്രശ്‌നമെന്നും ഹൈബി ഈഡന്‍ എം. പി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദപരവും സാമ്പത്തീക ലാഭം ഏറെയുള്ളതുമായ ഒരു രീതിയാണ് ആര്‍ത്തവ കപ്പുകള്‍. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ സ്ത്രീകള്‍ക്ക് ഏറെ ഉപകാര പ്രദമാകും.
സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള സ്ത്രീ ജനങ്ങള്‍ക്കും ഇത് സംബന്ധിച്ച കൃത്യം ബോധ്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹൈബി ഈഡന്‍ എം. പി പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ അവസാനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.