
തിരുവനന്തപുരം: വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ട്രക്ക് ബോഡികളും ട്രക്ക് ക്യാബിനുകളും ടിപ്പര്‍ ബോഡികളും സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പി.വി .കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന AIS:093 ടൈപ്പ് അപ്രൂവലും, ക്യാബിന്‍ നിര്‍മിക്കാന്‍ AIS:029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ സംസ്ഥാനത്തെ ചെറുകിട വര്‍ക്ഷോപ്പുകള്‍ ദിനംപ്രതി നൂറുകണക്കിന് ട്രക്കും ടിപ്പറുകളുമാണ് ബോഡി നിര്‍മിച്ച് പുറത്തിറക്കുന്നത്. ഇത്തരത്തില്‍ ബോഡി നിര്‍മിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വലിയ ദുരന്തമാണ് സംഭവിക്കുക.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ ഒരാള്‍ കേന്ദ്ര ലൈസന്‍സ് എടുത്താല്‍ അന്ന് മുതല്‍ ഒരു വര്‍ഷത്തിനകം മറ്റുള്ള ട്രക്ക് ആന്‍ഡ് ടിപ്പര്‍ ബോഡി ബില്‍ഡര്‍മാര്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് 2020 സെപ്റ്റംബര്‍ 9ന് സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവിട്ടിരുന്നു. 2021ല്‍ ഉത്തരവിന്റെ കാലാവധി അവസാനിച്ചിട്ടും, കേരളത്തില്‍ ഇത്തരത്തില്‍ അംഗീകാരമില്ലാത്ത ട്രക്ക് ആന്‍ഡ് ടിപ്പര്‍ ബോഡി ബില്‍ഡിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതുമാണ് പുതിയ ഉത്തരവിന് കാരണമായത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളില്‍നിന്നു ബോഡി നിര്‍മിച്ചുവരുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെട്ടു.