ദോഹ: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിത്തുടങ്ങി. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് 2-ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആര്‍ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ ഒരാഴ്ചയായി അനുമതി നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ക്വാറന്റീനില്‍ കഴിയാന്‍ മുന്‍കൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവര്‍ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടല്‍ മുറി ബുക്ക് ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സീനു മാത്രമാണ് ഖത്തറില്‍ അംഗീകാരം. ഓഗസ്റ്റ് 2 ന് പ്രാബല്യത്തില്‍ വന്ന വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയടക്കം സ്പെഷല്‍ സോണ്‍ വിഭാഗത്തിലെ 6 രാജ്യക്കാരില്‍ ഖത്തറില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് വന്നു ഭേദമായവര്‍ക്കും 2 ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. രണ്ടാം ദിവസത്തെ പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും. അതത് രാജ്യങ്ങളില്‍ വാക്സീനെടുത്തവര്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയിലാണ് ഏതാനും ദിവസങ്ങളായി അനൗദ്യോഗികമായി ഇളവനുവദിച്ചത്.