ചെന്നൈ: ചെന്നൈയിലെ ഐ ഫോണ്‍ നിര്‍മ്മാണ ഫാക്ടറിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയില്‍ 150-ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് റോഡ് ഉപരോധിക്കുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിരിക്കുകയാണ്. പ്രതിഷേധിച്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈ – ബംഗളൂരു ദേശീയ പാതയാണ് നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാര്‍ ഉപരോധിച്ചത്.70-ഓളം സ്ത്രീകളേയും 22-ഓളം പുരുഷന്മാരേയും ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കമ്പനിയില്‍ ഇരുപതിനായിരത്തോളം തൊഴിലാളികളുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കമ്പനിക്ക് 17 ഹോസ്റ്റലുകളാണ് ഉള്ളത്. ഓരോ മുറിയിലും 12 പേരാണ് താമസിക്കുന്നത്. കൊവിഡ് സമയത്തും ഇത്തരത്തില്‍ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നതെന്ന് പ്രതിഷേധക്കാരിലൊരാള്‍ പറയുന്നു.
പുതുതായി തുറന്ന ഹോസ്റ്റലിലാണ് ഇപ്പോള്‍ ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ 150പേരെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ മുഖേനയാണ് തങ്ങള്‍ക്ക് അറിവ് ലഭിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ കമ്പനി പറയുന്നത് യാതൊരു പ്രശ്‌നവുമില്ലെന്നും ജോലി തുടരാനുമാണെന്നും ഇവര്‍ പറയുന്നു.
ഭക്ഷ്യവിഷബാധയേറ്റ് ഏട്ടു പേര്‍ മരിച്ചുവെന്നും മരണം മറച്ചുവെക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നാലുപേര്‍ കമ്പനിവിട്ട് പോയെന്നും നാലുപേര്‍ വീട്ടില്‍ പോയിരിക്കുകയാണെന്നുമാണ് മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കമ്പനി പറയുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.