തിരുവനന്തപുരം: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകള്‍ പുനരുപയോഗത്തിനായി തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. യുഎസിനും റഷ്യയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമാണ്. വിഎസ്എസ്സിയില്‍ രൂപകല്‍പന ചെയ്തു വികസിപ്പിച്ച ഇന്‍ഫ്‌ലേറ്റബിള്‍ എയ്‌റോഡൈനമിക് ഡിസലറേറ്റര്‍ (ഐഎഡി) ഉപയോഗിച്ചാണു റോക്കറ്റ് പുനരുപയോഗ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയത്.
ആര്‍ച്ച് 300 രോഹിണി സൗണ്ടിങ് റോക്കറ്റ് ഉപയോഗിച്ചു തുമ്പയിലായിരുന്നു പരീക്ഷണം. 84 കിലോമീറ്റര്‍ ഉയരത്തിലെത്തിയ റോക്കറ്റിനെ കടലില്‍ തിരിച്ചിറക്കി. റോക്കറ്റിന്റെ പേലോഡ് ബേയിന് അകത്തു മടക്കിസൂക്ഷിച്ച ഐഎഡി, 84 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ നിശ്ചിത മര്‍ദത്തിലുള്ള നൈട്രജന്‍ വാതകം ഉപയോഗിച്ചു വിടര്‍ത്തുകയായിരുന്നു. തുടര്‍ന്ന്, പാരഷൂട്ട് മാതൃകയില്‍ റോക്കറ്റിനെ അന്തരീക്ഷത്തിലൂടെ താഴേക്ക് എത്തിച്ചു.
ചൊവ്വയിലോ ശുക്രനിലോ പേ ലോഡുകള്‍ ഇറക്കുക, മനുഷ്യരുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു ബഹിരാകാശ ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ ഉദ്യമങ്ങള്‍ക്കു വലിയ സാധ്യതയാണ് ഐഎഡി തുറന്നിടുന്നത്.
റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ഘടകങ്ങള്‍ ചെലവു കുറഞ്ഞ രീതിയില്‍ വീണ്ടെടുക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയതെന്നു പരീക്ഷണത്തിനു സാക്ഷ്യം വഹിച്ച ഐ എസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു. വിഎസ് എസ്‌സി ഡയറക്ടര്‍ ഡോ. എസ്.ഉണ്ണിക്കൃഷ്ണന്‍ നായര്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ. വി.നാരായണന്‍ തുടങ്ങിയവരും സാക്ഷികളായി. ഐഎഡി വികസിപ്പിക്കുന്നതിനുള്ള ന്യൂമാറ്റിക് സംവിധാനം എല്‍പിഎസ്‌സിയാണ് (ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍) തയാറാക്കിയത്.
ഒരു റോക്കറ്റിനെ പലവട്ടം ഉപയോഗിക്കാന്‍ കഴിയുന്നതിലൂടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ഭാരിച്ച നിര്‍മാണച്ചെലവും ഗണ്യമായി കുറയ്ക്കാനാകും.