ദുബായ്: എക്‌സ്‌പോ 2020 ഉദ്ഘാടന ചടങ്ങില്‍ മിന്നും താരമായി ഇന്ത്യന്‍ പെണ്‍കുട്ടി. ഒരു നാടോടിക്കഥ പറയുന്ന രീതിയില്‍ അവതരിപ്പിച്ച പരിപാടിയില്‍ സ്വദേശി മുത്തശ്ശനോടൊപ്പം കൊച്ചുമകളായ അറബിപ്പെണ്‍കുട്ടിയായി വേഷമിട്ടത് ദുബായ് ജെഎസ്എസ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഉത്തരാഖണ്ഡ് നൈനിറ്റാള്‍ സ്വദേശി മിറാ സിങ് (11). സ്വദേശി ബാലികമാരടക്കം ഒട്ടേറെ പെണ്‍കുട്ടികളെ മറികടന്നാണ് ഇന്ത്യക്കാര്‍ക്ക് അഭിമാനം പകര്‍ന്ന് മിറയ്ക്ക് ഈ അപൂര്‍വാവസരം ലഭിച്ചത്.
‘പ്രതീക്ഷ’ എന്ന പ്രമേയത്തില്‍ അറബ് നാടോടിക്കഥാ പറച്ചിലിന്റെ ശൈലിയില്‍ രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ ആദ്യാവസനം വരെ മിറാ സിങ് വിസ്മയനേത്രങ്ങള്‍ തുറന്ന് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അറബ് പെണ്‍കുട്ടിക്ക് മുത്തശ്ശന്‍ നാടിന്റെ ചരിത്രവും പൈതൃകവും മറ്റും പകര്‍ന്നു കൊടുക്കുന്നതാണ് കഥ.
അദ്ദേഹം നല്‍കിയ അത്ഭുതവളയം ഉപയോഗിച്ച് അവള്‍ വര്‍ണക്കാഴ്ചകള്‍ ആസ്വദിക്കുന്നു. കഴിഞ്ഞുപോയ സുവര്‍ണകാലം അവളുടെ മുന്നില്‍ പീലിവിടര്‍ത്തിയാടുന്നു. അതിന്റെ അഭൗമ സൗന്ദര്യത്തില്‍ മുഴുകി വേദിയില്‍ ഒഴുകി നടക്കുകയായിരുന്നു മുത്തശ്ശന്റെ പ്രിയപ്പെട്ട കൊച്ചുമകള്‍. പഴയ തലമുറ പുതുതലമുറയ്ക്ക് കൈമാറുന്ന നന്മയുടെ കാഴ്ചകള്‍. ഈ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് മിറാ സിങ് അവതരിപ്പിച്ചത്.