ദുബായ്: ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ 21.70 മുതല്‍ 21.75 എന്ന നിലയിലേക്ക് താഴ്ന്നു. ഇന്നു (ചൊവ്വ) രാവിലെ 21.65-21.67 എന്ന നിലയിലാണു രൂപയുടെ മൂല്യം. ജനുവരി 12 ലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഇന്നത്തെ നിരക്കിലേക്ക് ഇപ്പോള്‍ 7.8 ശതമാനം ഇടിഞ്ഞിരിക്കുന്നത്.
ജനുവരി 12 ന് രൂപ 20.10 (ഡോളര്‍ മൂല്യത്തില്‍ 73.81) എന്ന നിലയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു, എന്നാല്‍, മേയ് 9 ആയപ്പോഴേക്കും അതു ഡോളറിനെതിരെ 21 ആയി. എപ്പോള്‍ 22ല്‍ എത്തുമെന്നതാണ് ഇനി അറിയാനുള്ളത്. അതേസമയം, മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ കിട്ടിയ അവസരത്തില്‍ നാട്ടിലേക്കു പണമയക്കാനുള്ള ആവേശത്തിലാണ്. പലരും ബാങ്കുകളില്‍ നിന്നു വായ്പകള്‍ എടുത്തും പണമയക്കാന്‍ ശ്രമിക്കുന്നു. മണി എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.