ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍വച്ച് പ്രതിഷേധിച്ചവരെ വിമാന ജീവനക്കാര്‍ ശാന്തരാക്കാന്‍ നോക്കിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാഥമിക റിപ്പോര്‍ട്ട് ഇന്‍ഡിഗോ ഡിജിസിഎയ്ക്ക് കൈമാറി. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി.ജയരാജന് പിടിച്ചുതള്ളിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇന്‍ഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.
സംഭവത്തില്‍ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജനെതിരെ ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നത്.