ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ വിമാനക്കമ്പനി ഇന്‍ഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴെന്നായിരുന്നു ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം മാനേജര്‍ക്ക് സിപിഎം ബന്ധമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വി.ഡി.സതീശന് പരാതി നല്‍കിയത്. എന്നാല്‍, പണിയില്ലാത്തവര്‍ തനിക്കെതിരെ പരാതി നല്‍കട്ടേയെന്നായിരുന്നു ഇതിനോട് ഇ.പി.ജയരാജന്റെ പ്രതികരണം. വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചിരുന്നു.
ജൂണ്‍ 13നാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ് എന്നിവര്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയായിരുന്നു. ഇവരെ ഇ.പി.ജയരാജന് സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു. മുഖ്യമന്ത്രിയുടെ പിഎയുടെയും ഗണ്‍മാന്റെയും പരാതിയില്‍ മജീദിനെയും നവീന്‍ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.