ന്യൂഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. ‘pwn0001’ എന്ന പേരിലുള്ള ‘എക്‌സ്’ (പഴയ ട്വിറ്റര്‍) പ്രൊഫൈലിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്.പേര്, ആധാര്‍, പാസ്‌പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ജെന്‍ഡര്‍, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്.
കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍ ) ശേഖരിച്ച വിവരങ്ങളാണിവയെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) ഐസിഎംആറിനെ വിവരമറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2022 നവംബര്‍ 30ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു (ഐസിഎംആര്‍) നേരെ വമ്പന്‍ സൈബര്‍ ആക്രമണത്തിനു ശ്രമം നടന്നിരുന്നു.24 മണിക്കൂറിനിടയില്‍ ആറായിരത്തോളം ഹാക്കിങ് ശ്രമങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ്ങില്‍നിന്നു കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു ഐപി വിലാസം വഴിയാണ് ആക്രമണശ്രമമുണ്ടായതെന്നായിരുന്നു കണ്ടെത്തല്‍. കോവിഡ് വാക്‌സീനെടുക്കാനായി കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങള്‍ ആര്‍ക്കുമെടുക്കാന്‍ പാകത്തില്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യമായത് ഇക്കഴിഞ്ഞ ജൂണിലാണ്.