കൊച്ചി: വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം ഉണ്ടാകും. രാവിലെ എട്ടുമുതല്‍ 11 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിക്കും. വൈകുന്നേരം സ്വവസതിയായ ഇരിങ്ങാലക്കുട ‘പാര്‍പ്പിട’ത്തില്‍ എത്തിക്കും. സംസ്‌കാരം ചൊവ്വാ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (‘മഴവില്‍ക്കാവടി’) നിര്‍മാതാവെന്ന നിലയില്‍ 1981ലും (‘വിട പറയും മുന്‍പേ’), 1982ലും (‘ഓര്‍മയ്ക്കായ്’) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2009ല്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്‌സ് പുരസ്‌കാരത്തിന് അര്‍ഹനായി.
ചലച്ചിത്ര നിര്‍മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകന്‍: സോണറ്റ്. മരുമകള്‍ രശ്മി. പേരക്കുട്ടികള്‍: ഇന്നസന്റ് ജൂനിയര്‍, അന്ന.