ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രതിവര്‍ഷം 10 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര നീക്കം. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക. ഇത് ഇരട്ടിയാക്കി ഉയര്‍ത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍ ആണ്. 70 വയസ്സ് കഴിഞ്ഞവരെ സൗജന്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പുതിയ പരിഷ്‌കാരവും പരിഗണിക്കുന്നത്.
ജൂലായ് 23-ലെ കേന്ദ്രബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശമുണ്ടാകുമെന്നാണ് സൂചന. പരിരക്ഷാത്തുക നിലവിലെ അഞ്ചുലക്ഷം രൂപയില്‍നിന്ന് ഇരട്ടിയാക്കുകയാണെങ്കില്‍ ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം 12,076 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകും.
നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സില്ല. 70 കഴിഞ്ഞവരെ പദ്ധതിയുടെ ഭാഗമാക്കി അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.