ഇന്ത്യയില്‍ ഐഫോണ്‍ വാങ്ങുന്നവര്‍ കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ വിറ്റത് 12 ലക്ഷം ഐഫോണുകളാണ്. 94 ശതമാണം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മാണം തുടങ്ങിയതോടെയാണ് ഐഫോണ്‍ വില്‍പന വര്‍ധിച്ചതെന്നാണ് കരുതുന്നത്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍) പങ്കിട്ട ഡേറ്റ അനുസരിച്ച് ഐഫോണ്‍ 12, 13 മോഡലുകളുടെ അതിശയകരമായ വില്‍പനയാണ് ഇന്ത്യയില്‍ ആപ്പിളിനെ തുണച്ചത്.
മൊത്തം വിറ്റുപോയ ഐഫോണുകളില്‍ ഏകദേശം 10 ലക്ഷവും ‘മേക്ക് ഇന്‍ ഇന്ത്യ’ ഹാന്‍ഡ്‌സെറ്റുകളായിരുന്നു. ആപ്പിള്‍ ഐപാഡുകള്‍ ഇന്ത്യയില്‍ 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ഐപാഡുകളാണ് വിറ്റത്. ആപ്പിള്‍ ഐപാഡ് (ജെന്‍ 9), ഐപാഡ് എയര്‍ 2022 എന്നിവയാണ് ഐപാഡ് വില്‍പനയിലെ പ്രധാന ഭാഗവും വഹിക്കുന്നത്.
ഐഫോണുകള്‍ ഇന്ത്യയില്‍ 4 ശതമാനം സ്മാര്‍ട് ഫോണ്‍ വിപണി വിഹിതം നേടുമെന്ന് സിഎംആര്‍ പ്രതീക്ഷിക്കുന്നു. അതേസമയം ഐപാഡുകള്‍ അതത് വിഭാഗത്തില്‍ 20 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തിയേക്കും. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച, ഉപഭോക്തൃ ഡിമാന്‍ഡ് കുറയല്‍ എന്നിവ കാരണം ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.
ഈ വര്‍ഷം ആദ്യത്തില്‍ തന്നെ ആപ്പിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ 13 സ്മാര്‍ട് ഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. 2017 ല്‍ ഐഫോണ്‍ എസ്ഇ ആണ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കാന്‍ തുടങ്ങിയത്. 2022 ലെ ഒന്നാം പാദത്തില്‍ ആപ്പിള്‍ ഏകദേശം 10 ലക്ഷം ‘മേക്ക്-ഇന്‍-ഇന്ത്യ’ ഐഫോണുകള്‍ കയറ്റി അയച്ചു. ഐഫോണ്‍ 12, 13 എന്നിവയുടെ വില്‍പനയാണ് ആദ്യപാദത്തില്‍ 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ സഹായിച്ചത്.