
ദുബായ്: ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടിയ ഐപിഎല്‍ പോരാട്ടത്തില്‍ പന്തുകൊണ്ട് തകര്‍പ്പന്‍ ട്വിസ്റ്റ് സമ്മാനിച്ച യുവ ഇന്ത്യന്‍ ബോളര്‍ കാര്‍ത്തിക് ത്യാഗിയുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ വിജയം. 19-ാം ഓവര്‍ പൂര്‍ത്തിയാകും വരെ വിജയമുറപ്പിച്ചു കളിച്ച പഞ്ചാബ് കിങ്‌സിനെ തകര്‍പ്പന്‍ ഡെത്ത് ഓവര്‍ ബോളിങ്ങിലൂടെ പിടിച്ചുകെട്ടി ത്യാഗി രാജസ്ഥാന് സമ്മാനിച്ചത് രണ്ടു റണ്‍സിന്റെ അപ്രതീക്ഷിത വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ 185 റണ്‍സിന് പുറത്തായി. പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ രാജസ്ഥാന്‍ എട്ടു കളികളില്‍നിന്ന് എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറു പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. ഒറ്റ ഓവറില്‍ കളിതിരിച്ച ത്യാഗിയാണ് കളിയിലെ കേമന്‍.
നിര്‍ണായകമായി മാറിയ 20-ാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് പിഴുതാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ത്യാഗിക്കു പുറമേ 19-ാം ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രാജസ്ഥാന് പ്രതീക്ഷ നല്‍കിയ മുസ്താഫിസുര്‍ റഹ്മാനും നല്‍കണം കയ്യടി. ത്യാഗി 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് നാലു റണ്‍സ് മാത്രം. മൂന്നു റണ്‍സെടുത്താല്‍ മത്സരം ടൈ. ക്രീസില്‍ 18 പന്തില്‍ 25 റണ്‍സുമായി എയ്ഡന്‍ മര്‍ക്രവും 21 പന്തില്‍ 32 റണ്‍സുമായി നിക്കോളാസ് പുരാനും.
ഓവറിലെ ആദ്യ പന്ത് ഡോട്ട് ബോളാക്കിയ ത്യാഗി, അടുത്ത പന്തില്‍ ഒരു റണ്‍ വഴങ്ങി. പഞ്ചാബിന് വിജയത്തിലേക്കു വേണ്ടത് രണ്ടു പന്തില്‍ മൂന്നു റണ്‍സ്. അടുത്ത പന്തില്‍ നിക്കോളാസ് പുരാനെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ത്യാഗി ഞെട്ടിച്ചു. അപ്പോഴും പഞ്ചാബിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പകരമെത്തിയത് ദീപക് ഹൂഡ. നാലാം പന്തും ത്യാഗി ഡോട്ട് ബോളാക്കിയതോടെ പഞ്ചാബ് അപകടം മണത്തു. അടുത്ത പന്തില്‍ ഹൂഡ പുറത്ത്. വീണ്ടും സഞ്ജുവിന് ക്യാച്ച്. പകരമെത്തിയ ഫാബിയന്‍ അലന് അവസാന പന്തില്‍ റണ്ണെടുക്കാനാകാതെ പോയതോടെ രാജസ്ഥാന് രണ്ടു റണ്‍സിന്റെ അവിശ്വസനീയ വിജയം!