തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏതു പുതിയ പരിഷ്‌കാരം വന്നാലും ചിലര്‍ എതിര്‍ക്കുമെന്ന് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ഉദാഹരണമാക്കി മുഖ്യമന്ത്രി പറഞ്ഞു. എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരമാര്‍ശം. ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ മനസ്സിലാക്കും. എതിര്‍ക്കുന്നവര്‍ക്കുപോലും പിന്നീട് പദ്ധതികളുടെ ഗുണഫലം കിട്ടുന്നുണ്ടെന്നും അവര്‍ പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു വികസന പദ്ധതികളും നടപ്പാക്കാന്‍ അനുവദിക്കരുത് എന്ന് ഉറപ്പിച്ചുള്ള സംഘടിത നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുഖ്യമന്ത്രി നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കെ റെയിലും ശബരിമല വിമാനത്താവളവും അടക്കമുള്ള പദ്ധതികളെയെല്ലാം തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നത് ഇതുകൊണ്ടാണ്ടെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വേഗ റെയില്‍ പദ്ധതി പരിസ്ഥിതിക്കു ദോഷമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൂര്‍ണമായും ഹരിത പദ്ധതിയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടു നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു പാരിസ്ഥിതിക ആഘാതവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കെ റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതു ഹൈക്കോടതി തടഞ്ഞിരുന്നു. വന്‍ പൊലീസ് സന്നാഹം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും അതിക്രമിച്ചു കയറിയും കെ റെയില്‍ എന്നെഴുതിയ അതിര്‍ത്തി കല്ലുകള്‍ തങ്ങളുടെ ഭൂമിയില്‍ അനധികൃതമായി സ്ഥാപിക്കുകയാണെന്നും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയാണെന്നുമുള്ള ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍.
ഭൂമി ഏറ്റെടുക്കുന്നതിനു നിയമപ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയോ സ്ഥലം ഏറ്റെടുക്കാന്‍ അനുമതി ലഭിക്കുകയോ ചെയ്യാതെ, അനധികൃതമായി തൂണുകള്‍ സ്ഥാപിക്കുകയാണെന്ന് കോട്ടയം കുഴിമറ്റം സ്വദേശി മുരളി കൃഷ്ണന്‍, ചങ്ങനാശേരി മാമൂട് സ്വദേശി കുര്യന്‍ ടി.കുര്യന്‍, വാകത്താനം സ്വദേശി പി.എ.ജോണിക്കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.