തിരുവനന്തപുരം: കെ-റെയിലിന്റെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതിലഭിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കാനാകൂ എന്ന് കെ-റെയില്‍ കോര്‍പ്പറേഷന്‍. ഭരണകക്ഷിയായ സി.പി.ഐ. ഉള്‍പ്പെടെ ആവശ്യപ്പെട്ടെങ്കിലും സാങ്കേതികതടസ്സം ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോര്‍പ്പറേഷന്‍. ഇനി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
ഡി.പി.ആറിന്റെ സാങ്കേതികവിവരങ്ങള്‍ മാത്രമേ ഇനി പരസ്യപ്പെടുത്താനുള്ളൂ എന്നാണ് കെ-റെയിലിന്റെ നിലപാട്. അന്തിമ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചശേഷം ഇതു പരസ്യപ്പെടുത്തും. അതുവരെ രഹസ്യസ്വഭാവമുള്ള രേഖയാണ്. സമാനരീതിയിലുള്ള മറ്റു പദ്ധതികളുടെ ഡി.പി.ആര്‍. അന്തിമ അനുമതിക്കുശേഷമാണ് പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചതാണ് ഈ കീഴ്വഴക്കമെന്ന് കെ-റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഡി.പി.ആര്‍. ആദ്യഘട്ടത്തില്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും കെ-റെയില്‍ അവകാശപ്പെടുന്നു.
കെ-റെയിലിന്റെ ഡി.പി.ആര്‍. കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. റൂട്ട്, നിര്‍മാണരീതി, സാങ്കേതികവിദ്യ എന്നിവയെല്ലാം പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പരസ്യപ്പെടുത്താനുള്ളത് സാങ്കേതികകാര്യങ്ങളാണ്. ജൂലായ്ക്കുള്ളില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കെ-റെയില്‍ അവകാശപ്പെടുന്നത്. ഒമ്പതുമാസമാണ് പഠനത്തിനുവേണ്ടത്. ഏര്യല്‍ ലൈഡാര്‍ സര്‍വേ വഴി തയ്യാറാക്കിയ ഡി.പി.ആറില്‍ പദ്ധതിക്കുവേണ്ടി നിശ്ചിയിച്ച സ്ഥലത്തെ ആഘാതപഠനമാണ് ഇപ്പോള്‍ നടക്കുന്നത്.
അടയാളക്കല്ലുകള്‍ സ്ഥാപിച്ച് അതിര്‍ത്തിതിരിച്ചാല്‍ മാത്രമേ സാമൂഹിക ആഘാത പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് കല്ലിട്ടുതുടങ്ങിയത്. ഇത് കോടതി വിലക്കിയിട്ടുണ്ട്.