തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പിണറായി വിജയന്‍ വാശി തുടര്‍ന്നാല്‍ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്നും സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശക്തമായ സമരപരിപാടികളുമായി കെ-റെയിലിനെതിരെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്നമാണ് സില്‍വര്‍ ലൈന്‍. പദ്ധതി കടന്നുപോകുന്ന പ്രദേശത്ത് മാത്രമല്ല പ്രശ്നങ്ങളുള്ളത്. കാലഹരണപ്പെട്ട പദ്ധതിയാണ് നടപ്പിലാക്കാന്‍ പിണറായി ശ്രമിക്കുന്നത്. സിപിഎം -സിപിഐ അണികള്‍ പോലും പദ്ധതിക്ക് എതിരാണ്. ഇതൊന്നും കാണാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
പിണറായി വിജയന്‍ കമ്മീഷന്‍ മുന്നില്‍ക്കണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് പണ്ടുകാലം മുതലേ കമ്മീഷന്‍ ഭയങ്കര ഇഷ്ടമാണെന്നും ലാവ്ലിന്‍ അഴിമതിക്കാലത്തുതന്നെ അത് തെളിഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. കെ-റെയിലിന് ബദല്‍ സാധ്യതകളുള്ളപ്പോള്‍ എന്തിനാണ് പിടിവാശിയെന്ന് മനസ്സിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, എതിര്‍പ്പുകളെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുന്ന നിലപാടിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും വീടുകളുടെ നഷ്ടപരിഹാരത്തിന് 4460 കോടി രൂപയും നീക്കിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്നപൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.