അടൂര്‍: സ്‌കൂള്‍ പരിസരത്തെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
താമരക്കുളം ചാവടി കാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിയ്ക്കല്‍ വീട്ടില്‍ കെ.പി. ഷൈന്‍(27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ളാറ്റില്‍ നിന്നുമാണ് ഇവരെ പിടികൂടുന്നത് .
ഇവര്‍ താമസിച്ചിരുന്ന രണ്ട് മുറികളില്‍ നിന്നായി മുപ്പത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചില്ല. സി.ഐ. കെ.പി മോഹനന്‍, ഇന്‍സ്പെക്ടര്‍ ബിജു എം. ബേബി, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ രാജീവ്, മാത്യൂ ജോണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേത്യത്വ ത്തിലായിരുന്നു റെയ്ഡ്. ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാമായിരുന്നെങ്കിലും ഭരണപ്പാര്‍ട്ടികളുടെ സമ്മര്‍ദം മൂലം ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ആരോപണമുണ്ട്.
റെയ്ഡിനിടെ മഫ്തിയിലെത്തിയ എക്സെസ് ഉദ്യോഗസ്ഥന്‍ ഫ്ളാറ്റില്‍ സ്ഥാപനം നടത്തുന്നവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തില്‍ കലാശിച്ചു. ഇയാള്‍ മദ്യപിച്ചെന്നാരോപിച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. ഇതിനിടെ ഇയാളെ മറ്റ് ഉദ്യോഗസ്ഥര്‍ എക്സൈസ് വാഹനത്തില്‍ കയറ്റിയിരുത്തിയത് യുവാക്കളെ പ്രകോപിപ്പിച്ചു. എക്സൈസ് വാഹനം പോകാന്‍ അനുവദിക്കാതെ ഇവര്‍ ഗേറ്റ് പൂട്ടി. സ്ഥലത്തെത്തിയ അടൂര്‍ പോലീസ് ഗേറ്റ് തുറന്ന് ഉള്ളില്‍ കയറി. യുവാക്കള്‍ തടഞ്ഞു വച്ചിരുന്ന ഹുസൈന്‍ അഹമ്മദി(46) നെ ജീപ്പില്‍ കയറ്റി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ചെന്ന ഫ്ളാറ്റിലുണ്ടായിരുന്ന ജിത്തുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.