തിരുവനന്തപുരം: കേരളഭരണ സര്‍വീസിലേക്ക് (കെ.എ.എസ്.) നേരിട്ടുള്ള നിയമനം വര്‍ധിപ്പിക്കാന്‍ നീക്കമുള്ളപ്പോഴും പുതിയ വിജ്ഞാപനത്തിന് ഒഴിവുകള്‍ കണ്ടെത്താനായില്ല. സര്‍ക്കാരിന് കീഴിലെ 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെയും ജനറല്‍സര്‍വീസിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തുടങ്ങിയ തസ്തികകളുടെയും 10 ശതമാനം ഉള്‍ക്കൊള്ളിച്ചാണ് കെ.എ.എസിന് രൂപം നല്‍കിയത്.
ആദ്യബാച്ചിലേക്ക് 105 ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്താണ് നിയമനം നടത്തിയത്. അടുത്തബാച്ചിലേക്കുള്ള ഒഴിവുകളൊന്നും ഇതുവരെ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ വിജ്ഞാപനം തയ്യാറാക്കാന്‍ പി.എസ്.സി.ക്കും കഴിയുന്നില്ല.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് കെ.എ.എസിന്റെ വ്യവസ്ഥകളിലുള്ളത്. ആദ്യവിജ്ഞാപനം 2019-ലാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചത്. 2021-ല്‍ അടുത്ത വിജ്ഞാപനം വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കോവിഡ് കാരണം ആദ്യബാച്ച് നിയമനങ്ങള്‍ക്ക് കാലതാമസമുണ്ടായി. ഈവര്‍ഷം ആദ്യം വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ പി.എസ്.സി. പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാരില്‍നിന്ന് അനുകൂല നീക്കമുണ്ടാകാത്തതിനാല്‍ നടപടികള്‍ പി.എസ്.സി. മരവിപ്പിച്ചു.
നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി വരുന്ന ഒക്ടോബറില്‍ അവസാനിക്കും. അടുത്തവര്‍ഷമെങ്കിലും പുതിയ ബാച്ചിന് പ്രവേശനം നല്‍കണമെങ്കില്‍ ഈ വര്‍ഷം വിജ്ഞാപനം പ്രസിദ്ധീകരിക്കണം. അതിനിടയിലാണ് മൂന്നില്‍ രണ്ട് ഒഴിവുകള്‍ നേരിട്ടും മൂന്നിലൊന്ന് ഒഴിവുകള്‍ ജീവനക്കാരില്‍നിന്ന് തസ്തികമാറ്റത്തിലൂടെയും നികത്തണമെന്ന് സെക്രട്ടറിതലസമിതി ശുപാര്‍ശ നല്‍കിയത്. ഇത് നടപ്പാക്കണമെങ്കില്‍ വിശേഷാല്‍ചട്ടം ഭേദഗതി ചെയ്യണം.